Kerala
തിരുവനന്തപുരം: കാസർഗോഡ് എംഡിഎംഎ കേസിൽ അറസ്റ്റിലായവർക്ക് താനുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരെ തനിക്ക് നേരിട്ട് അറിയാമെന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ ഇവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് ഇപ്പോഴത്തെ അറസ്റ്റോടെയാണ് അറിഞ്ഞതെന്നും വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹുസൈനെ പോലീസ് മർദനത്തിന് ഇരയായപ്പോഴാണ് താൻ ആദ്യമായി വിളിക്കുന്നതെന്ന് സതീശൻ വിശദീകരിച്ചു. നവകേരള സദസിനിടെ പെരുമ്പാവൂർ കുറുപ്പംപടി എംജിഎം സ്കൂളിന് മുന്നിൽ വച്ചുണ്ടായ പോലീസ് ലാത്തിച്ചാർജിൽ ഹുസൈന് പരിക്കേറ്റിരുന്നു. അന്ന് പരിക്കേറ്റ മറ്റ് പ്രവർത്തകരെപ്പോലെ തന്നെ ഇയാളെയും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന്, വെങ്ങോല പഞ്ചായത്തിലെ ഒരു പരിപാടിക്കിടെ എംഎൽഎയുടെയും പാർട്ടി ഭാരവാഹികളുടെയും നിർദേശപ്രകാരമാണ് ഹുസൈന്റെ വീട് സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൽകിയ വാക്കിന്റെ പുറത്തായിരുന്നു ആ സന്ദർശനം. ഇതിനുശേഷം മൂന്നോ നാലോ തവണ ഹുസൈൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്നും, എന്നാൽ പോലീസ് മർദനമേറ്റ ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലുള്ള പരിഗണന മാത്രമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ ഹുസൈൻ ആണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണവും സതീശൻ പൂർണ്ണമായും തള്ളി. തനിക്ക് നിലവിൽ പ്രത്യേകിച്ചൊരു സോഷ്യൽ മീഡിയ ടീമോ കോർഡിനേറ്ററോ ഇല്ലെന്നും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അത് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായവർക്ക് ലഹരിമരുന്നുമായി ബന്ധമുള്ള കാര്യം പാർട്ടിക്കാർക്കോ പൊതുജനങ്ങൾക്കോ യാതൊരുവിധ അറിവുമുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: വടകര ഓപ്പറേഷൻ തൂഫാൻ അന്വേഷണത്തിന്റെ ഭാഗമായി എംഡിഎംഎ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ അധ്യാപികമാർ ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ. പ്രതികളായ നീഷ്മ, കാവ്യ എന്നിവർ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെആർടിഎ) പേരാമ്പ്ര യൂണിറ്റ് ഭാരവാഹികളായി പ്രവർത്തിച്ചിരുന്നവരാണ്.
കഴിഞ്ഞ വർഷം പേരാമ്പ്രയിൽ വെച്ച് നടന്ന സംഘടനയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് ഇരുവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തത്. എന്നാൽ മറ്റാരും ഭാരവാഹിത്വം ഏറ്റെടുക്കാൻ തയാറാകാത്തതുകൊണ്ടാണ് ഇവരെ ചുമതല ഏൽപ്പിച്ചതെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കുന്നു. അധ്യാപികമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സംഘടന അന്ന് പുറത്തിറക്കിയ പോസ്റ്ററുകൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അറസ്റ്റിന് പിന്നാലെ ഇവരെ സംഘടനയിൽനിന്ന് പുറത്താക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇവർ സംഘടനാ അംഗത്വം പുതുക്കിയിരുന്നില്ലെന്നും കെആർടിഎയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. എംഡിഎംഎ കേസിൽ പിടിയിലായവർ ഇടത് അനുഭാവികളാണെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.
Kerala
കോഴിക്കോട്: എംഡിഎംഎ കേസിൽ ഉൾപ്പെട്ട പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യയെയും സർവീസിൽ നിന്ന് പുറത്താക്കി. കേസിൽ അറസ്റ്റിലായ അധ്യാപിക കീർത്തനയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കാവ്യയ്ക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
ലഹരി ഇടപാടുകൾക്കായി മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അധ്യാപകരെ ഇടനിലക്കാരാക്കി നടത്തിയ ഈ ലഹരി വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ മാസം 28ന് വടകര സ്വദേശി പിടിയിലായതോടുകൂടിയാണ് പുറത്തുവന്നത്.
തുടർന്ന് നടത്തിയ അന്വേഷണമാണ് രണ്ട് അധ്യാപികമാരിലേക്കും എത്തിച്ചേർന്നത്. അതേസമയം ലഹരിവിരുദ്ധ ക്യാമ്പയിനുകളുടെ ഭാഗമായി വിദ്യാർഥികളെ അണിനിരത്തി സൂംബ ഡാൻസ് അവതരിപ്പിച്ചതിന് കീർത്തന നേതൃത്വം നൽകിയിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ മറ്റ് അധ്യാപകർക്കും പങ്കുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Kerala
വടക്കഞ്ചേരി: പന്നിയങ്കരയിൽനിന്ന് എംഡിഎംഎ കണ്ടെടുത്ത കേസിൽ ഒരാൾകൂടി പിടിയിലായി. കോഴിക്കോട് അരീക്കാട് മുരിങ്ങക്കണ്ടി സ്വദേശി ഷമീറി(31)നെയാണു വടക്കഞ്ചേരി പോലീസ് ബംഗളൂരുവിലെ മടിവാളയിൽനിന്നു പിടികൂടിയത്.
കഴിഞ്ഞ 21നാണ് പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപത്തുനിന്ന് 46 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടിയത്. കോട്ടയം പൊൻകുന്നം പുതുപ്പറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് അന്നു പിടിയിലായത്.
ബംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി രണ്ടു യാത്രാബസുകളിലെത്തിയ ഇവർ പന്നിയങ്കരയിലെത്തി കോട്ടയത്തേക്ക് ഒരുമിച്ചുപോകാൻ നിൽക്കുന്നതിനിടെയാണു വിവരം ലഭിച്ച് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മുഖ്യകണ്ണിയായ ഷമീറിനെയും കുടുക്കാനായത്.
ആറുമാസമായി ബംഗളൂരുവിൽ ഊബർ ടാക്സി ഓടിക്കുന്ന ഷമീർ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരനാണെന്നു പോലീസ് പറഞ്ഞു. നിരവധി തവണ ഷമീറിൽനിന്നും എംഡിഎംഎ വാങ്ങിച്ചിട്ടുണ്ടെന്നു ഷാഹുൽ സമ്മതിച്ചതായും പോലീസ് പറയുന്നു. എംഡിഎംഎയുടെ മറ്റ് ഇടപാടുകാരുമായി ഷമീറിന് ബന്ധമുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ എം.പി. എബി, എഎസ്ഐമാരായ പി.വി. പ്രദീപ്, ബ്ലസൺ ജോസ്, സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോൺക്രൂസ്, സി.എം. ദേവദാസ്, കെ. ലൈജു, എ. റിയാസുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Kerala
തിരുവനന്തപുരം: എംഡിഎംഎ കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ സീനിയർ സൂപ്രണ്ട് നജീബ് ഖാനെ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
മുൻ സന്തോഷ് ട്രോഫി താരം കൂടിയായ നജീബ് ഖാനിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകും വരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ കുടുങ്ങിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.